
ഞാനും എന്റെ സുഹൃത് വിമലും കൂടി ചേർന്നാണ് കഴിഞ്ഞ വർഷം ജൂണിൽ കംബോഡിയയിലേക്ക് ഒരു യാത്ര പോയത്. ബഡ്ജറ്റ് കുറവായതിനാൽ കഴിയുന്നതും ചിലവ് ചുരുക്കിയുള്ള ഒരു യാത്ര ആയിരുന്നു നമ്മുടെ മനസ്സിൽ, അങ്ങനെ ഉടലെടുത്തതാണ് കംബോഡിയയിലേക്കുള്ള യാത്ര.
ചിലവ് ചുരുങ്ങി ഒരു വിദേശയാത്ര സാധ്യമാകണമെങ്കിൽ ഏഷ്യൻ രാജ്യങ്ങൾ തന്നെ സന്ദർശിക്കണം, മുൻപ് വിയറ്റ്നാമിലും ,തായ്ലണ്ടിലും, ഇന്തോനേഷ്യയിലും അത് നേരിട്ടനുഭവിച്ചറിഞ്ഞിട്ടുള്ളതിനാൽ വിയറ്റ്നാമിനും തായ്ലണ്ടിനും ഇടയിലുള്ള രാജ്യമായ കംബോഡിയ പോകാൻ തീരുമാനിക്കുന്നതും ആകാരണം കൂടി കൊണ്ടാണ്, കൂടാതെ അങ്കോർ വാറ്റ് എന്ന ലോകത്തിലെ വലിയഅത്ഭുതവും കാണാം…
വലിയ ഒരുക്കങ്ങളൊന്നുമില്ലാതെ ഉള്ള യാത്രയായിരുന്നു അവിടേക്ക്. കാരണം couchsurfing എന്ന ആപ്പ് വഴി’ പ്രിം ലെ ‘എന്ന ഡോക്ടറെ പരിചയപ്പെടാൻ സാധിച്ചിരുന്നു. കംബോഡിയ കാരിയാണ് ,ഞങ്ങൾ നല്ല സൗഹൃദത്തിലാകുകയും , താമസിക്കാനുള്ള സൗകര്യങ്ങൾ ഒരുക്കി തരാൻ കഴിയില്ലെങ്കിലും Phnom Penh എന്ന നഗരം മുഴുവൻ ചുറ്റികാണിക്കാമെന്ന് അവൾ ഏറ്റിരുന്നു. അങ്കോർ വാറ്റ് സ്ഥിതി ചെയ്യുന്ന സിയാംറീപ്പിലേക്ക് സമയക്കുറവ് മൂലം കൂടെ വരാൻ സാധിക്കില്ല , പകരം അവിടെ കിം സോക് എന്ന് പറയുന്ന TukTuk ഡ്രൈവറെ സഹായത്തിനായി ഏർപ്പാടാക്കി തരികയും ചെയ്തിരുന്നു.
ആ രാജ്യത്തെ കുറിച്ച് വാ തോരാതെ സംസാരിക്കുകയും , ഞങ്ങളെ ഈ കാഴ്ചകളൊക്കെ കാണിക്കേണ്ടത് അവരുടെ ഉത്തരവാദിത്തമായി കണക്കാക്കിയിരുന്നതായും പലപ്പോഴും തോന്നിയിട്ടുണ്ട് . ആയതിനാൽ തന്നെ മാസങ്ങൾക്ക് മുന്നേ പോകാൻ തീരുമാനിച്ചിരുന്നെങ്കിലും വലിയ തയ്യാറെടുപ്പുകളൊന്നും തന്നെ നടത്തേണ്ടി വന്നില്ല. കംബോഡിയയിൽ ഇന്ത്യാക്കാർക്ക് ‘Visa on arrival ,ആണ് എന്നിരുന്നാലും അവിടെ ചെന്നുള്ള ക്യൂ ഒഴിവാക്കാനായി ഇ-വിസ മുൻകൂട്ടി എടുത്തിരുന്നു. 36 ഡോളർ ആയിരുന്നു ചാർജ്..
ദുബായിയിൽ നിന്ന് ബാങ്കോക് വഴിയാണ് കംബോഡിയയുടെ ക്യാപിറ്റൽ ആയിട്ടുള്ള phnom penh ലേക്ക് എമിരേറ്റ്സ് വിമാനം പോകുന്നത്, വൈകുന്നേരം 06:30 ആയപ്പോൾ ബാങ്കോക്കിൽ ലാൻഡ് ചെയ്തു , അവിടെ ഒന്നര മണിക്കൂർ ലേ ഓവർ ഉണ്ട്. വൈകുന്നേരം 09 മണി ആയപ്പോൾ ഞങ്ങൾ Phnom Penh ഇൽ എത്തി. ഇമ്മിഗ്രേഷൻ ഫോർമാലിറ്റീസ് വളരെ ഈസി ആയിരുന്നു. പെട്ടന്ന് തന്നെ പുറത്തിറങ്ങാൻ പറ്റി .
ഞങ്ങൾ ചെല്ലുന്ന ദിവസവും പിറ്റേ ദിവസവും ‘ലെ ‘ യ്ക്ക് അവധി ഇല്ലാത്തതിനാൽ പിറ്റേ ദിവസം അതിരാവിലെ 06 മണിക്കുള്ള കംബോഡിയൻ എയർവേസിൽ സിയാംറീപ്പിലേക്ക് പോയി അങ്കോർ വാറ്റ് ക്ഷേത്ര സമുച്ഛയങ്ങൾ കാണാനാണ് പദ്ധതി.അതുവഴി നമുക്ക് ദിവസവും സമയവും ലാഭിക്കുവാൻ കഴിയും.
പുറത്തു താമസിക്കാൻ ഹോട്ടലൊന്നുമെടുക്കാതെ പൈസ ലാഭിക്കാൻ എയർപോർട്ടിൽ തന്നെ കിടന്നുറങ്ങാനായിരുന്നു പ്ലാൻ. 8 മണിക്കൂറത്തെ കാര്യമല്ലേ ഉള്ളു..! വർഷത്തിൽ മൂന്നോ നാലോ വിദേശയാത്രകൾ നടത്തണമെങ്കിൽ ഇത്തരത്തിലൊക്കെ പൈസ ലാഭിച്ചാൽ മാത്രമേ അത് സാധ്യമാകൂ. പക്ഷെ നിർഭാഗ്യകരമെന്ന് പറയട്ടെ Phnom Penh ഇന്റർനാഷണൽ എയർപോർട്ട് രാത്രി 10 മണിക്ക് അടക്കും ,പിന്നെ വെളുപ്പിന് 05 മണിക്ക് മാത്രമേ തുറക്കാറുള്ളു. രാത്രികാലങ്ങളിൽ അവിടേക്ക് വേറെ ഫ്ലൈറ്റുകളൊന്നുമില്ലാത്തതിനാലാകാം അത്.
ഏകദേശം 8 മണിക്കൂറോളം ഫ്ലൈറ്റിൽ ഇരുന്നുള്ള വരവാണ് ,നല്ല ക്ഷീണമുണ്ട് ,, എവിടെയെങ്കിലും കിടന്നൊന്നുറങ്ങണം. അപ്പോഴാണ് വിമൽ പുറത്തുള്ള അറൈവൽ ഏര്യയിലുള്ള, വട്ടത്തിൽ ഇരിക്കാൻ പാകത്തിന് കൊത്തിയെടുത്ത പാറക്കല്ലുകൾ കാണുന്നത് ,എയർപോർട്ടിന് ഉൾവശത്തേക്ക് മാത്രമേ പ്രവേശനമില്ലാതെയുള്ളു, പുറത് ഇതുപോലെ കൊത്തിയെടുത് തേച്ചു മിനുക്കിയ നിരവധി പാറക്കല്ലുകളുണ്ട് അതിൽ നന്നായി കിടന്നുറങ്ങാൻ സാധിക്കും. എയർപോർട് അടച്ചതിനു ശേഷം ഞാനും വിമലും പിന്നെ എയര്പോര്ട് സെക്യൂരിറ്റി കാരനും മാത്രമായി അവിടെ . 4 ദിവസം മാത്രമുള്ള യാത്രയായതിനാൽ കൈയിൽ ബാക്ക്പാക്ക് മാത്രമേ ഉള്ളു,( അധിക ലഗേജ്ജ് ഞാൻ എന്റെ ഒരു യാത്രയിലും കൊണ്ട് പോകാറില്ല ) ബാഗും തലയിണ ആക്കി ഞാനും വിമലും സുഖമായി കിടന്നുറങ്ങി. ഏകദേശം 04:30 യോട് കൂടി എയർപോർട് വീണ്ടും തുറന്നു, ആളുകളുടെ ശബ്ദം കേട്ടാണ് ഉറക്കമുണർന്നത്.
എയർപോർട്ട് ചെക്കിങ് കൗണ്ടെറിനു മുന്നോടിയായി ഒരു റെസ്റ്റോറന്റ് ഉണ്ട് , അവിടെ പോയി കംബോഡിയയുടെ തനത് ചായ ആയ ‘യേൽ ഗ്രേ റ്റീ Earl Grey Tea ‘ ഓർഡർ ചെയ്തു. ബെർഗമോട് ഓറഞ്ച് എന്ന് വിളിക്കുന്ന ഒരു പ്രത്യേകതരം ഓറഞ്ച് ന്റെ എണ്ണ , പിന്നെ കുറെ ചേരുവകൾ കൂടി ചായപൊടിയിൽ ഇട്ട് ഉണ്ടാക്കി തരുന്ന ഒരു പ്രത്യേക തരം ചായയാണ് അത്. അതിൽ നിന്നുണ്ടാകുന്ന മണം പോലും നമുക്ക് പ്രത്യേക ഉന്മേഷം നൽകും. ഇതൊരു ചെറിയ പോട്ടിലാക്കിയാണ് കൊണ്ട് തരുന്നത് , ഒരെണ്ണം ഓർഡർ ചെയ്താൽ 4 പേർക്ക് കുടിക്കാനുള്ളതുണ്ടാകും.
എയർബസിന്റെ ചെറിയ മോഡലുകളിൽ ഒന്നായ A319 ലാണ് കംബോഡിയൻ എയർവെയ്സ് സിയാംറീപിലേക്കു പറക്കുന്നത്. വളരെ തുച്ഛമായ പൈസയെ ഈടാക്കുന്നുള്ളു ഏകദേശം 1000 രൂപയ്ക്കടുത്തു മാത്രമായിരുന്നു ചാർജ്. തിരിച്ചും അത്ര തന്നെയേ ആയിട്ടുള്ളു. ഈ കാരണം കൂടി കൊണ്ടാണ് റോഡ് ട്രിപ്പ് ഒഴിവാക്കിയത്. 4 ദിവസം മാത്രം അവിടെ ഉള്ളതിനാൽ സമയവും ലാഭിക്കാം.
ഒരു മണിക്കൂറും 15 മിനിറ്റുമാണ് ഫ്ലയിങ് ടൈം എന്നിരുന്നാലും 45 മിനിട്ട് കൊണ്ട് ഞങ്ങൾ സിയാംറീപിലെത്തി. അവിടെ പ്രത്യേകിച്ച് ചെക്കിങ്ങൊന്നും ഇല്ലാത്തതിനാൽ പെട്ടെന്ന് തന്നെ പുറത്തിറങ്ങാൻ സാധിച്ചു. ‘കിം സോക് ’ ഞങ്ങൾക്കു വേണ്ടി പുറത്തു കാത്തു നിൽക്കുന്നുണ്ടായിരുന്നു. അദ്ദേഹത്തിന്റെ കൈയിൽ TukTuk എന്നു വിളിക്കുന്ന (മോട്ടോർബൈക്കിൽ റിക്ഷാവണ്ടിയുടേത് പോലെ ), നാലാൾക്ക് സൗകര്യമായി ഇരിക്കാൻ കഴിയുന്ന തരത്തിലുള്ള നിര്മിതിയാണ് അതിന്റേത്.
സിയാംറീപ് എയർപോർട്ടിൽ നിന്നും അങ്കോർവാട്ട് ആർക്കിയോളജിക്കൽ പാർക്കിലേക്ക് ഏകദേശം 45 മിനിറ്റ് യാത്രയെ ഉള്ളു. അതിനു മുൻപ് സിയാംറീപ് പട്ടണത്തിനു അടുത്തുള്ള അങ്കോർ പാസ് ഒഫീഷ്യൽ ടിക്കറ്റ് സെന്ററിൽ പോയി ടിക്കറ്റ് വാങ്ങണം. അപ്പോഴേക്കും സമയം 8 മണി ആയിരുന്നു. ആ പാസ് നമുക്ക് വേണ്ടി മുന്കൂട്ടി എടുത്ത് വെക്കാന് കഴിയില്ല . ഫോട്ടോ പതിച്ച പാസ് ആയതിനാൽ നാം തന്നെ പോയി എടുക്കണം. ഒരു ദിവസത്തേക്ക്, 3 ദിവസത്തേക്ക്, 7 ദിവസത്തേക്ക് എന്നിങ്ങനെയാണ് പാസുകളുള്ളത്. ഞങ്ങൾ 3 ദിവസത്തേക്കുള്ള പാസ് എടുത്തു , കാരണം അങ്കോർവാട്ട് ക്ഷേത്ര സമുച്ഛയങ്ങളിൽ നിന്നുമുള്ള ഉദയസൂര്യനെ കൂടി കണ്ടിട്ട് വേണം നാളെ Phnom Penh ലേക്ക് തിരിച്ചു പോകാൻ.
ഒരു മാസം മുൻപേ തന്നെ ഒരു ദിവസത്തെ ഹോട്ടൽ റൂം ബുക്ക് ചെയ്തിരുന്നു .വെറും 500 രൂപയാണ് ഹോട്ടൽ ചാർജ് ,അതും 4 സ്റ്റാർ ഹോട്ടൽ, മുകളിൽ സ്വിമ്മിങ് പൂൾ വരെയുണ്ട്. ഉച്ചക്ക് 02 മണിക്കാണ് ചെക്കിങ് ടൈം, എന്നിരുന്നാലൂം ഹോട്ടലിലെ റിസെപ്ഷനിസ്റ് പെൺകുട്ടി ബാഗ് വെക്കാനുള്ളതും കുളിക്കാനുമുള്ള സൗകര്യം ഒരുക്കി തന്നു. അങ്ങനെ ഒരു ഹോട്ടലുകാരും സാധാരണ ചെയ്യാറില്ല. ഇന്ത്യക്കാരോട് ഒരു പ്രത്യേക അനുകമ്പ ഉള്ളതായി ഞങ്ങൾക്ക് പലപ്പോഴും അവിടെ തോന്നിയിട്ടുണ്ട്. വളരെ കുറച്ചു രാജ്യങ്ങൾ മാത്രമേ ഇന്ത്യക്കാർക്ക് ബഹുമാനം നൽകാറുള്ളൂ അതിലൊന്ന് തീർച്ചയായും കംബോഡിയയാണെന്നു അവരുടെ എല്ലാരുടെയും പെരുമാറ്റത്തിൽ നിന്നും വ്യകതമാണ്.

ഏകദേശം 9 മണിയോട് കൂടി ഞങ്ങൾ അങ്കോർ ആർക്കിയോളജിക്കൽ പാർക്കിലെത്തി. വനമേഖല ഉൾപ്പെടെ 400 ചതുരശ്ര കിലോമീറ്ററോളം വ്യാപിച്ചുകിടക്കുന്ന ക്ഷേത്ര സമുച്ഛയങ്ങളാണ് ഇവിടെ ഉള്ളത്. khmer സാമ്രാജ്യത്തിന്റെ അതി മനോഹരമായ നിരവധി അവശിഷ്ടങ്ങളും ഇവിടെ കാണാം. അങ്കോർ വാട്ടിന്റെ ക്ഷേത്രവും അങ്കോർ തോമിലെ ബയോൺ ക്ഷേത്രവുമാണ് ഏറ്റവും പ്രശസ്തമായത്. ഒൻപതാം നൂറ്റാണ്ടിൽ നിർമിച്ചവയാണിവ , Khmer രാജവംശ കാലഘട്ടത്തിൽ വിഷ്ണുദേവന് സമർപ്പിച്ച ഒരു ഹിന്ദു ക്ഷേത്രമായിട്ടാണ് ഇത് ആദ്യം നിർമ്മിക്കപ്പെട്ടത്, പന്ത്രണ്ടാം നൂറ്റാണ്ടിന്റെ അവസാനത്തിൽ ഇത് ക്രമേണ ബുദ്ധക്ഷേത്രമായി രൂപാന്തരപ്പെട്ടു. 1992 ഡിസംബർ 14 ന് UNESCO അങ്കോർ വാട്ടിനെ ലോക പൈതൃക പട്ടികയിൽ ചേർത്തു.
കുറഞ്ഞത് മൂന്ന് ദിവസമെങ്കിലും വേണം ഇത് മുഴുവൻ കണ്ടു തീർക്കാൻ എന്നത് അവിടെ എത്തിയപ്പോഴാണ് മനസ്സിലായത്. എല്ലാം ഓടിച്ചിട്ട് കണ്ടു പോകേണ്ടി വന്നത് തെല്ലൊരു നിരാശ ഞങ്ങളിൽ പടർത്തി, അത്രക്കും ജീവസുറ്റ കാഴ്ചകളായിരുന്നു ചുറ്റിനും. ഒരു പ്രാവശ്യം കൂടി ഇവിടേക്ക് വരണമെന്ന് മനസ്സിൽ ഉറപ്പിച്ചു…
10 മണി കഴിഞ്ഞതിനാൽ തന്നെ വളരെ കുറച്ചു സഞ്ചാരികളെ ഉള്ളൂ. ഓരോ സ്ഥലത്തും പല തരത്തിൽ നിർമിക്കപ്പെട്ടിട്ടുള്ള ക്ഷേത്രങ്ങളാണുള്ളത് . ഓരോ ക്ഷേത്രങ്ങൾക്കും അതിന്റേതായ ഭംഗിയുണ്ട്. കണ്ടാലും കണ്ടാലും തീരാത്ത അത്ര കൊത്തുപണികൾ, കിം സോക് കൂടെയുള്ളതിനാൽ ഓരോ സ്ഥലത്തെയും പ്രത്യേകതകൾ വളരെ ആഴത്തിൽ തന്നെ പറഞ്ഞു തന്നു. ഇവിടെയുള്ള എല്ലാ ക്ഷേത്രങ്ങളിലും നമ്മുടെ നാട്ടിലേതെന്ന പോലെ കല്യാണ ഫോട്ടോ ഷൂട്ടുകൾ നടക്കാറുണ്ട്. ഏത് ക്ഷേത്രത്തിൽ ചെന്നാലും കുറെ വധു വരന്മാരെയും ക്യാമറാമാന്മാരെയും കാണാം. അവിടത്തെ തനത് കല്യാണ വേഷം കാണാൻ തന്നെ ചന്തമാണ് .
ഇവിടെയുള്ള എല്ലാ ക്ഷേത്രങ്ങളെ കുറിച്ചും പരാമർശിക്കാൻ സാധ്യമല്ലാത്തതിനാൽ എനിക്കേറ്റവും ഇഷ്ടപ്പെട്ട ക്ഷേത്രങ്ങളെ കുറിച്ച് പറയാം.
Ta Prohm ക്ഷേത്രം പാശ്ചാത്യരുടെ ഇടയിൽ പ്രശസ്തമാകുന്നത് ആഞ്ജലീന ജൂലി അഭിനയിച്ച Tomb Raider മൂവി റിലീസ് ആകുന്നതോടു കൂടിയാണ്. ചിത്രത്തിലെ ചില ഭാഗങ്ങൾ ചിത്രീകരിച്ചത് Ta Prohm ക്ഷേത്രത്തിലാണ്. ഈ ക്ഷേത്രത്തിന്റെ വന്യമായ സൗന്ദര്യത്തിന് ആക്കം കൂട്ടുന്നത് ഈ ക്ഷേത്രവും കാടും ഒരുമിച്ചുള്ള സഹവർത്തിത്വമാണ്. ഭീമാകാരമായ മരങ്ങളും കാടുകളും കൂടി ചേർന്ന് ക്ഷേത്രത്തിന് ചുറ്റും പൊതിയുകയും അത് കാരണം ഈ ക്ഷേത്രം കാടുമായി ലയിച് ഒരു പ്രത്യേകതരം രൂപത്തിലാകുകയും ചെയ്തു.

ഞാനും വിമലും ഫോട്ടോ എടുത്തു തകർത്ത സ്ഥലങ്ങളിൽ ഒന്നാണ് ഇത്. അവിടെ വെച്ച് വേറെയും രസകരമായ അനുഭവം ഞങ്ങൾക്കുണ്ടായി., പൊതുവേ ചൈനീസ് സഞ്ചാരികൾ സംഘങ്ങളായാണ് യാത്രകൾ നടത്താറുള്ളത്. അവർ യാത്രകൾ ചെയ്യുന്നത് കാണാൻ തന്നെ കൗതുകമാണ് , സംഘത്തിൽ ഒരാൾ ഒരു കൊടി പിടിച് മുന്നേ നടക്കും ബാക്കിയുള്ളവർ അയാളെ അനുഗമിക്കും. ഇത് മിക്ക വിദേശ രാജ്യങ്ങൾ സന്ദർശിക്കുമ്പോഴും കണ്ടിരുന്ന കാര്യമാണ്. ആ കൂട്ടത്തിലെ ഒരു യുവതി എന്നെയും വിമലിനെയും തടഞ്ഞു നിർത്തി കൂടെ നിന്ന് ഫോട്ടോ എടുത്തോട്ടെ എന്ന് ചോദിച്ചു. ഞങ്ങൾക്ക് അതൊരു അതുഭുതമായി !!! ഞങ്ങൾ വളരെ സന്തോഷത്തോടെ ഫോട്ടോക്ക് പോസ് ചെയ്തു. പണ്ട് സായിപ്പന്മാരെ കാണുമ്പോഴുള്ള കൗതുകം പോലെയായിരുന്നു അവർക്ക് ഞങ്ങളെ കണ്ടപ്പോളെന്നു മനസ്സിലായി. ഒരാൾ ഫോട്ടോ എടുക്കന്നത് കണ്ടപ്പോഴേക്കും സംഘത്തിലുള്ള മറ്റെല്ലാവർക്കും ഞങ്ങളുടെ ഒപ്പം ഫോട്ടോ എടുക്കണം. ഓരോരുത്തരായി വന്നു വരിവരിയായി ഞങ്ങളുടെ ഒപ്പം ഫോട്ടോ എടുത്തു. ഇവിടെയെന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാകാതെ ഞാനും വിമലും പകച്ചു നിന്നു 😂😅ചൈനീസ് സംഘത്തിലെ ആർക്കും ഇംഗ്ലീഷ് അറിയാത്തതിനാൽ അതെന്തിനായിരുന്നു എന്ന് ഇപ്പോഴും അജ്ഞാതമായി തുടരുന്നു😆.

അടുത്തതായി ഞങ്ങൾ പോയത് Temple of Faces എന്ന് വിളിക്കുന്ന ബയോൺ ക്ഷേത്രത്തിലേക്കാണ്. ഇതൊരു ബുദ്ധക്ഷേത്രമായിരുന്നെങ്കിലും മറ്റ് ദൈവങ്ങളെയും ആരാധിച് പോന്നിരുന്നു. വിഷ്ണുവിനും ശിവനുമായി പ്രത്യേക ആരാധനാലയങ്ങൾ സമർപ്പിക്കുകയും മറ്റ് നിരവധി ദേവതകളെ ആരാധിക്കുകയും ചെയ്തിരുന്ന ക്ഷേത്രം കൂടിയാണിത്. ഏറെ കുറേ തകർന്ന നിലയിലാണ് ഇപ്പോൾ ഈ ക്ഷേത്രം ഉള്ളത്.
ക്ഷേത്രത്തിന് ചുറ്റും 50 ഓളം ഗോപുരങ്ങളുണ്ട്, 200 ലധികം മുഖങ്ങൾ പലതരം ഭാവത്തിൽ നിറഞ്ഞു നിൽക്കുന്നു. ഓരോ മുഖവും ഏകദേശം 4 മീറ്റർ ഉയരത്തിലാണ് നിർമിച്ചിരിക്കുന്നത്. എല്ലാവർക്കും ഒരേ ശാന്തമായ പുഞ്ചിരിയുണ്ട്, കണ്ണുകൾ അടച്ചിരിക്കുന്നു, എല്ലാം അറിയുന്ന ആന്തരിക സമാധാനത്തെ പ്രതിനിധീകരിക്കുന്നു, ഒരുപക്ഷേ നിർവാന അവസ്ഥ പോലും….. ഞങ്ങൾക്ക് എറ്റവും ഇഷ്ടപ്പെട്ട ക്ഷേത്രം കൂടിയാണിത് , ഇവിടെ കുറച്ചധികം സമയം ചിലവഴിച് ഓരോ മുഖവും മനസ്സിൽ പതിപ്പിച്ചു.

ഓരോ ക്ഷേത്രങ്ങളിലേക്കു പോകുന്ന വഴിയിലും പല തരം ശില്പങ്ങൾ ഉണ്ടാക്കി വെച്ചിട്ടുണ്ട്. റോഡിനു ഇരുവശവുമുള്ള കൈവരികളിൽ പാലാഴി മഥനം ഒക്കെയാണ് കൊത്തി വെച്ചിരിക്കുന്നത്. അസുരന്മാരും ദേവന്മാരും കൂടി വാസുകി എന്ന സർപ്പത്തെ ഉപയോഗിച് കടയുന്ന ആ സംഭവം ശില്പങ്ങളാക്കി വെച്ചിരിക്കുകയാണ്. ഈ ശില്പങ്ങളൊക്കെ പല പ്രാവശ്യം മോഷണം പോയിട്ടുണ്ട്, ചില ഭാഗങ്ങളൊക്കെ ഇപ്പോൾ നിർമിച്ചവയാണെന്നു കിം ഞങ്ങൾക്ക് പറഞ്ഞു തന്നു.
ഉച്ചയായപ്പോഴേക്കും കിം ഞങ്ങളെ Khmer വില്ലേജ് റെസ്റ്റോറന്റിലേക്ക് കൊണ്ട് പോയി. ഇത് പല റസ്റ്റോറന്റുകൾ കൂട്ടമായി നിൽക്കുന്ന ഒരു സ്ഥലമാണ്. ഇതിന് പ്രത്യേക ബിൽഡിംഗ് ഒന്നുമില്ല , ടാർപ്പ വലിച്ചു കെട്ടി അതിനു താഴെയായി മേശകൾ ഇട്ടു വെച്ചിട്ടുണ്ട്. ഓരോ റെസ്റ്റോറന്റിലെയും ആഹാരം നോക്കി കണ്ട് ഓർഡർ ചെയ്തതിന് ശേഷം ഇഷ്ടമുള്ള സ്ഥലത്തു പോയി ഇരിക്കാം. സിയാംറീപ് നഗരത്തെ വെച്ച് നോക്കുമ്പോൾ ഇവിടെ ആഹാരം കുറച് ചിലവേറിയതാണ്.

വൈകിട്ട് നാലു മാണിയോട് കൂടി ഞങ്ങൾ പ്രധാന ക്ഷേത്രമായ അങ്കോർവാട്ടിലെത്തി. വാട്ട് എന്നാൽ ക്ഷേത്രമെന്നാണ് അർത്ഥമാക്കുന്നത്. അങ്കോർ ആർക്കിയോളജിക്കൽ പാർക്കിലെ ഏറ്റവും വലിയ സ്മാരകവും മികച്ച രീതിയിൽ സംരക്ഷിക്കപ്പെടുന്നതുമായ അങ്കോർ വാട്ട് ഒരു വാസ്തുവിദ്യാ മാസ്റ്റർപീസാണ്. ഈ ക്ഷേത്രത്തിന്റെ പൂർണത ലോകത്തിലെ ഏറ്റവും മികച്ച സ്മാരകങ്ങളിലൊന്നാക്കി ഇതിനെ മാറ്റുന്നു. അങ്കോർ വാട്ട് അതിന്റെ സൗന്ദര്യത്തിലും സംരക്ഷണ അവസ്ഥയിലും സമാനതകളില്ലാത്തതാണ്. അതിന്റെ വീര്യവും ആഡംബരവും ഒരുപക്ഷെ ഈജിപ്തിലെ പിരമിഡിനേക്കാളോ താജ്മഹലിനെക്കാളോ കൂടുതലാണെന്ന് തന്നെ പറയേണ്ടി വരും..
വൈകുന്നേരം 7 മണിയോട് കൂടി ഞങ്ങൾ ഹോട്ടൽ റൂമിൽ തിരിച്ചെത്തി, നമുക്കുള്ള റൂം റെഡി ആക്കി വെച്ചിട്ടുണ്ട്, Hello Cambodia Boutique Hotel എന്നാണ് ഹോട്ടലിന്റെ പേര് , ഹോട്ടലിനു മുൻ വശത്തു തന്നെ ഒരു ഗണപതി വിഗ്രഹമുണ്ട് അത് ഹാരമൊക്കെ ഇട്ട് വിളക്ക് മുന്നിൽ കത്തിച്ചു നല്ല തലയെടുപ്പോടു കൂടി നിൽക്കുന്നു , രാവിലെ ഇതൊന്നും ശ്രദ്ധിക്കാൻ കഴിഞ്ഞിരുന്നില്ല. ഹോട്ടലിൽ നിന്ന് തന്നെ ഭക്ഷണം കഴിച് സ്വിമ്മിങ് പൂളിൽ കുത്തി മറിഞ്ഞു. അപ്പോഴേക്കും ‘പബ് സ്ട്രീറ്റ് കാണാൻ പോയാലെന്താ എന്ന് വിമൽ ചോദിച്ചു ,സമയം ഒൻപതായിരുന്നു, രാവിലെ അങ്കോർവാട്ടിലെ സൂര്യോദയം കാണാൻ പോകേണ്ടതുണ്ട്. എന്നിരുന്നാലും പബ് സ്ട്രീറ്റ് കാണാൻ പോകാൻ തീരുമാനിച്ചു….
തുടരും…
“കൊറോണ കാലത്തേ സ്വിറ്റ്സർലൻഡ് യാത്ര.. ഭാഗം -1”

Written by
Subin Rudra Chickle