രാജകീയം.. മഹാബലിപുരം..

mahabalipuram

ചെന്നൈയിൽ നിന്നും 60 കിലോമീറ്റർ അകലെ, മഹാബലിപുരം..
ചരിത്രം, ചിത്രം വരച്ചുവച്ചിരിക്കുന്ന ചെറുപട്ടണം.
എത്ര രാജാക്കന്മാർ..
എത്രയെത്ര പടയോട്ടങ്ങൾ..
ഒരുപാട് കഥകൾ പറയാനുണ്ടാകും തെരുവുകൾക്ക്…
രഥചക്രങ്ങൾ കടന്നുപോയ രാജവീഥിയാണിത്

ola ടാക്സിയിൽ ചെന്നൈയിൽ നിന്നും രാവിലെ തന്നെ പുറപ്പെട്ടു. ബാല, മിടുക്കനായിരുന്ന ഡ്രൈവർ. യാത്രയിലുടനീളം ചോദിക്കുന്ന സംശയങ്ങൾക്ക് കൃത്യമായ മറുപടി. ചെന്നൈയിൽ നിന്നും പോണ്ടിച്ചേരിക്ക് നീളുന്ന സംസ്ഥാനപാതയിലൂടെ കാർ പാഞ്ഞുപോകുന്നു. തമിഴ്‌നാടിന്റെ കിഴക്കൻ തീരങ്ങൾ മനോഹരമായ കാഴ്ചകളാണ്. സഹ്യൻ അതിരിട്ടുനിൽക്കുന്ന പടിഞ്ഞാറൻ മലനിരകളും ബംഗാൾ ഉൾക്കടൽ അതിരാകുന്ന കിഴക്കൻ തീരങ്ങൾക്കുമിടയിൽ കാഴ്ചയുടെ വൈവിധ്യമൊരുക്കി കാത്തിരിക്കുന്നുണ്ട് തമിഴ്‌നാട്.
എത്രയെഴുതിയാലും, എത്ര പറഞ്ഞാലും തീരാത്ത കാഴ്ചയാണത്….
ഇടയ്ക്കെപ്പോഴോ ചെന്നൈ-പുതുച്ചേരി തീരദേശപാതയിൽ നിന്നും വണ്ടി തിരിഞ്ഞു.
മഹാബലിപുരം എത്തുന്നു.


സമയം 9 മണി. സൂര്യൻ തിളയ്ക്കുന്നു… തണൽമരങ്ങൾ തീരെ കുറവ്..
ഇടുങ്ങിയ വഴിയിലൂടെ ക്ഷേത്രത്തിലേക്കെത്തി. ഏഴാം നൂറ്റാണ്ടിൽ പല്ലവ രാജവംശത്തിലെ
നരസിംഹവർമ്മൻ പണികഴിപ്പിച്ച ക്ഷേത്രം.
പാർക്കിങ് ഏരിയയിൽ നിന്നും ക്ഷേത്രത്തിലേക്ക് നടന്നു. വൃത്തിയുള്ള നടപ്പാതകൾ. പച്ചപ്പുല്ല് നിറഞ്ഞ മൈതാനം.
കൂർത്ത സൂര്യരശ്മികളിൽ നിന്നും കണ്ണുകളെ സംരക്ഷിക്കാൻ പാടുപെടുന്നു.
കിഴക്കേ മുനമ്പിൽ ജ്വലിച്ചു നിൽക്കുന്ന സൂര്യനു താഴെ വെട്ടിത്തിളങ്ങുന്നുണ്ട് ക്ഷേത്രം. കടൽകയറുന്ന മൺത്തിട്ടയിൽ കാലങ്ങളെ അതിജീവിച്ച്, കാറ്റും വെയിലുംകൊണ്ട്, കരുത്താർജ്ജിച്ച് നിൽക്കുകയാണത്..
കരിമ്പാറകളിൽ ഉപ്പുകാറ്റിന്റെ തലോടൽ..
ചരിത്ര നിർമിതികൾ മനോഹരമാണ്. 13 നൂറ്റാണ്ടുകൾ പിന്നിടുന്ന നിർമ്മാണ വൈദഗ്ദ്ധ്യം. തൊഴുതുപോകുന്നു ശില്പികളെ, അവരുടെ മനക്കണക്കിനെ, അവരുടെ മനസിനൊപ്പം നിന്ന മാന്ത്രികവിരലുകളെ.. ഉപ്പുകാറ്റും വെയിലും തിരമാലകളും ജയിക്കുന്ന അവരുടെ ആത്മവിശ്വാസത്തെ…

അതിശയക്കാഴ്ചകളുടെ കലവറയായിരുന്നു മഹാബലിപുരം.
യുനെസ്‌കോയുടെ പൈതൃക പട്ടികയിൽ ഇടംനേടിയ ചെറുപട്ടണം. ക്ഷേത്രത്തിന് അൽപ്പം അകലെയാണ്
ശില്പചാരുതയുടെ അഭിമാനക്കാഴ്ചകൾ. കരിമ്പാറക്കൂട്ടങ്ങൾ കൈകളിലൊതുക്കി കൊത്തിയും മിനുക്കിയും പരുവപ്പെടുത്തി, കണ്ണുകൾക്ക് മുന്നിൽ മിഴിവാർന്ന രൂപങ്ങൾ ഒരുക്കിയെടുത്ത
കരവിരുതുകൾ. ഓരോ പാറയും ഒരുപാട് കാഴ്ചകളാണ്
ഗുഹകൾ, രൂപങ്ങൾ, തേര്, ആന, കുതിര, മനുഷ്യർ, വൃക്ഷങ്ങൾ… കണ്ണുകളെ മോഹിപ്പിക്കുന്നു.
കുന്നുകളേയും, പാറക്കൂട്ടങ്ങളേയും കടന്ന്, കടൽകടന്നെത്തിയ സഞ്ചാരികൾ.. അവരുടെ കണ്ണുകളിൽ കാഴ്ചയുടെ തിളക്കം. പുരാതന ഇന്ത്യ അവരെ അതിശയിപ്പിക്കുന്നു.

mahabalipuram - existyou.com

വെയിൽകൊണ്ട് കുന്നുകയറുമ്പോഴാണ് അമ്പരപ്പിക്കുന്ന മറ്റൊരു കാഴ്ച കണ്ടത്. ചെരിഞ്ഞ പാറയുടെ മുകളിൽ ഉരുണ്ടുവീഴാൻ പാകത്തിന് മറ്റൊരു കൂറ്റൻപാറ.. എവിടെയാണ് ചെരിഞ്ഞുവീഴാതെ അതിന്റെ കൊളുത്ത് കുരുക്കിയിരിക്കുന്നത്..?? ബ്രിട്ടീഷ് ഭരണകാലത്ത് 25 ആനകൾ കെട്ടിവലിച്ചിട്ടും ഉരുണ്ടുവീഴാതെ അത് നിലകൊണ്ടു,
എന്നാണ് ഡ്രൈവർ ബാലയുടെ പക്ഷം… സത്യമായിരിക്കാം…!!! ഉരുളൻപാറയുടെ ആ ഇരിപ്പ് ആരെയും അമ്പരപ്പിക്കുന്നതാണ്…
വെയിൽ കടുക്കുന്നു… നടവഴിയിലെ ചെറുകടകളിൽ മോഹിപ്പിച്ചിക്കുന്ന ബുദ്ധപ്രതിമകളെ കടന്നുപോകുന്നു.
റോഡിനിരുവശവും ക്ഷേത്രനിർമ്മിതികൾ.. അതിനുചുറ്റും പൊടിക്കാറ്റ് വീശുന്നു. ഉച്ചവെയിലിൽ ഉരുകി ശിവനും വിഷ്ണുവും മറ്റു ദൈവങ്ങളും തെരുവിലേക്ക് നോക്കിയിരിക്കുന്നു.. സുന്ദരമായ ആ മുഖങ്ങൾ ഉടമസ്ഥരെ കാത്തിരിക്കുകയാവാം…..

mahabalipuram - existyou.com

സോനാമാർഗ്ഗ് (കാശ്മീർ)- ഭാഗം-1

Written by
Arun kalappila

Add Comment

Follow us

Recent Posts

Advertisement

error: Content is protected !!