
ഞങ്ങൾ നിൽക്കുന്ന ഹോട്ടലിൽ നിന്നും അര മണിക്കൂർ നടന്നാൽ പബ് സ്ട്രീറ്റിലെത്താം.അതുകൊണ്ടു തന്നെ അവിടേക്ക് പോകാൻ വേണ്ടി കിം നെ ബുദ്ധിമുട്ടിച്ചില്ല. പബ് സ്ട്രീറ്റ് തായ്ലൻഡിലൊക്കെ കാണുന്നത് പോലെ തന്നെയുള്ള വാക്കിങ് സ്ട്രീറ്റ് ആണ്. നിരവധി മസ്സാജ് സെന്ററുകളും, വഴിയോര കച്ചവടക്കാരും ,സുവനീയർ കടകളും…ഈ സ്ട്രീറ്റിൽ ലഭിക്കാത്ത ഒന്നും തന്നെ ഇല്ല എന്ന് വേണേൽ പറയാം.
ഇവിടത്തെ പ്രധാന ഭക്ഷണങ്ങളിൽ ഒന്ന് മുതല ഇറച്ചിയാണ്, എല്ലാ വഴിയോര കച്ചവടക്കാരുടെ കൈവശവും ഈ മുതല ഇറച്ചി കിട്ടും, ഫ്രൈ ചെയ്തും അല്ലാതെയും മുതലകളെ പ്രദർശനത്തിന് വെച്ചിട്ടുണ്ട്. ആഹാര സാധനങ്ങൾക്കൊക്കെ വളരെ തുച്ഛമായ വിലയെ ഉള്ളു.
വഴിയോര കച്ചവടക്കാരിൽ പലരും ഫ്രൈഡ് ഐസ്ക്രീം എന്ന പേരിൽ ഐസ്ക്രീം പൊരിച്ചു വിൽക്കുന്നുണ്ട്. ഒരു ഡോളർ ആണ് ചാർജ്, അതൊരു കപ്പ് നിറയെ കിട്ടുകയും ചെയ്യും. അതുണ്ടാക്കുന്ന രീതി നല്ല രസമുള്ള കാഴ്ചയാണ്.ചൂടായ ദോശക്കല്ലിൽ ദോശ ഉണ്ടാക്കുന്ന തരത്തിലുള്ള പ്രക്രിയയാണ് അത്, പിന്നെ അത് പല ആകൃതികളിലാക്കി ചുരുട്ടി കപ്പിലിട്ടു തരും. ചൂടും തണുപ്പും കൂടി ഒരുമിച്ചനുഭവിക്കാൻ പാകത്തിലുള്ള രുചിയാണ് അതിനു. അതും നുണഞ് പബ് സ്ട്രീറ്റിലെ കാഴ്ചകളും കണ്ടു നടന്നു.
രാത്രി ഏറെ വൈകിയതിന് ശേഷമാണ് ഞങ്ങൾ ഹോട്ടലിൽ തിരിച്ചെത്തിയത്. ഞങ്ങൾ ഹോട്ടലിനു മുന്നിൽ എത്തിയപ്പോൾ Tuk Tuk ഇൽ ഒരു അമേരിക്കക്കാരൻ വന്നിറങ്ങി. അദ്ദേഹത്തിന്റെ പേര് ഇവാൻസ് എന്നാണ്. അദ്ദേഹം ഞങ്ങളോട് Tuk tuk ഇൽ നിന്നും ഇറങ്ങാൻ സഹായിക്കാമോ എന്ന് ചോദിച്ചു, നമ്മൾ തെല്ലൊരു അതിശയത്തോടെ നോക്കിയപ്പോഴാണ് മനസ്സിലായത് അദ്ദേഹത്തിന് രണ്ടു കാലുകളും ഇല്ലാ എന്ന്. മടക്കി വെച്ചിരുന്ന വീൽ ചെയർ ഒന്നു നിവർത്തി കൊടുത്താൽ മാത്രം മതി, ബാക്കി എല്ലാം സ്വയം ചെയ്യും, അതാണിഷ്ടം. കഴിഞ്ഞ ആറു മാസക്കാലമായി ഒറ്റക്ക് ലോകം ചുറ്റുകയാണ്. യൂറോപ്പും മിഡിലീസ്റ്റും കണ്ടു കഴിഞ് ഏഷ്യൻ രാജ്യങ്ങൾ സന്ദർശിക്കുകയാണിപ്പോൾ. ലോകം കണ്ടവന്റെ ആത്മവിശ്വാസം മുഖത്തു കാണാം. ഞാനൊക്കെ ഏഴു ജന്മം എടുത്താലും അദ്ദേഹത്തിന്റെ തലത്തിലേക്ക് ഉയരുമെന്ന് തോന്നുന്നില്ല. ഒറ്റയ്ക്ക് ഇത്രയും രാജ്യങ്ങൾ കണ്ടു കഴിയണമെങ്കിൽ എത്രത്തോളും മാനസികമായി ഉയർന്ന വ്യക്തിത്വമാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ..
വെളുപ്പിന് 5 മണിയോട് കൂടി കിം നമ്മളെ പിക്ക് ചെയ്യാൻ വന്നു, അങ്കോർ വാട്ട് ക്ഷേത്രത്തിൽ നിന്നുമുള്ള സൂര്യോദയം ജീവിതത്തിലെ മറക്കാനാകാത്ത അനുഭവങ്ങളിൽ ഒന്നാണ്.
(കഴിഞ്ഞ ഭാഗത് ഇവിടെ കുറിച്ച് കൂടുതൽ പരാമർശിച്ചതിനാൽ കൂടുതൽ എഴുതുന്നില്ല )
7 മണിയോട് കൂടി ഞങ്ങൾ ഹോട്ടലിൽ തിരിച്ചെത്തി. 10 മണിക്കാണ് ഞങ്ങളുടെ ഫ്ലൈറ്റ് Phnom Penh ലേക്ക് എട്ടരയോടു കൂടി കിം വരാമെന്ന് പറഞ്ഞു പോയി,ഞങ്ങളുടെ ഹോട്ടലിന്റെ അടുത്ത് തന്നെയാണ് കിം ന്റെ വീട്, ഞങ്ങളുടെ ഡ്രൈവറും ഗെയിടുമായ കിംസോക് വളരെ കഠിനാധ്വാനി ആയ നല്ല ചരിത്രബോധമുള്ള ഒരു വ്യക്തിയാണ്. അങ്കോർവാട്ട് ക്ഷേത്ര സമുച്ചയങ്ങളെ കുറിച്ചൊരു പുസ്തകം തന്നെ എഴുതിയിട്ടുണ്ട്. കിം ന്റെ tuktuk വണ്ടിയിൽ എപ്പോഴും വെള്ളമുണ്ടാകും, അത് ദാഹിച്ചു വലഞ്ഞിരിക്കുന്ന വഴിയോരത്തെ പാവങ്ങൾക്ക് കൊടുക്കും. കിം ഞങ്ങളിൽ നിന്നും വാങ്ങിയത് വെറും 15 ഡോളർ മാത്രമാണ്. ഞങ്ങളെ എയർപോർട്ടിൽ കൊണ്ട് വിടുമ്പോൾ അദ്ദേഹത്തിന്റെ ഭാര്യ ‘ശ്രേയ യും മകൻ ‘സെയ്ഹാ നും ഒപ്പം ഉണ്ടായിരുന്നു. ഞങ്ങളെ കൊണ്ടാക്കാൻ വന്നതല്ല, തിരിച്ചു പോരുമ്പോൾ അവർക്ക് വേറെ എവിടെയോ പോകാനുണ്ട്.
ഇന്ന് ‘പ്രിം ലേ ’ എന്ന ഞങ്ങളുടെ സുഹൃത്തിനെ കാണണം, ഇനിയുള്ള രണ്ടു ദിവസം അവരോടൊപ്പമാണ് ചിലവഴിക്കുന്നത്. കിം നോട് യാത്ര പറഞ് സിയാം റീപ് ഡൊമസ്റ്റിക് എയർപോർട്ടിലേക്ക് പ്രവേശിച്ചു.ഞങ്ങൾ വന്ന അതേ ഫ്ലൈറ്റ് തന്നെയാണ് തിരിച്ചു Phnom Penh ലേക്കും. സിയാം റീപ് ഡൊമസ്റ്റിക് ടെർമിനൽ വളരെ ചെറിയ എയർപോർട്ട് ആണ്. ഡൊമസ്റ്റിക് എയർപോർട്ട് ആയതിനാൽ തന്നെ കാര്യമായ ചെക്കിങ് ഒന്നും തന്നെയില്ല. എയർബസിന്റെ എറ്റവും ചെറിയ മോഡലുകളിൽ ഒന്നായ A319 തന്നെയാണ് കംബോഡിയൻ എയർവെയ്സ് തിരിച് Phnom Penh ലേക്കും പറത്തുന്നത്. വിമാനത്തിലെ എറ്റവും പുറകിലെ സീറ്റ് ആയിരുന്നു ഞങ്ങൾക്ക് ലഭിച്ചത്.
ചെറിയ ഫ്ലൈറ്റ് ആയിരുന്നതിനാൽ തന്നെ നല്ല സുഖകരമായ യാത്രയായിരുന്നില്ല സിയാംറീപ്പിലേക്ക് വന്നപ്പോൾ, കനത്ത പ്രക്ഷുബ്ദ്ധത (turbulence) കാരണം പല സമയങ്ങളിലും ഭയമുളവാക്കിയിരുന്നു. തിരിച്ചു പറക്കുമ്പോഴും അങ്ങനെ തന്നെ ആകുമെന്ന് ഞങ്ങൾ ഊഹിച്ചു.
ഞങ്ങളുടെ എതിർ വശം ഒരു ആസ്ത്രേലിയൻ ദമ്പതികളായിരുന്നു ഇരുന്നിരുന്നത്. വിമാനം ലാൻഡ് ചെയ്തു കഴിഞ്ഞാൽ കേരളത്തിൽ കാണുന്നത് പോലെ തന്നെയാണ് കംബോഡിയൻ ആൾക്കാരുടെ രീതിയും, പുറത്തേക്ക് പോകാനുള്ള തിരക്കിലാണ് എല്ലാരും. ഞങ്ങൾ കംബോഡിയയിൽ എറ്റവും കൂടുതൽ പൈസ ചിലവാക്കിയത് ഒരുപക്ഷെ വെള്ളത്തിനാണ്. ജൂൺ മാസമായതിനാൽ തന്നെ നല്ല ചൂടുണ്ടായിരുന്നു.
വിമാനത്തിൽ നിന്നും രണ്ടു ചെറിയ കുപ്പി വെള്ളം ലഭിക്കും, അത് സൗജന്യമാണ്. 45 മിനിറ്റ് മാത്രം ഫ്ലയിങ് ടൈം ഉള്ളതിനാൽ തന്നെ മറ്റുള്ള ലോക്കൽ പാസ്സഞ്ചേഴ്സ് അത് സാധാരണയായി തുറക്കാറു പോലുമില്ല, അവർ അതവിടെ ഉപേക്ഷിക്കാറാണ് പതിവ്. വിമാനം നിലത്തിറങ്ങി ആൾക്കാർ നടന്നു നീങ്ങവേ ആസ്ത്രേലിയൻ ദമ്പതികൾ ഉപയോഗിക്കാതെ ഉപേക്ഷിച്ചു പോയ ആ വെള്ള കുപ്പികൾ ഓരോന്നായി എടുത്ത് അവരുടെ ബാഗുകളിൽ സൂക്ഷിക്കാൻ തുടങ്ങി. അവരുടെ തൊട്ടു പിന്നിലുണ്ടായിരുന്നു ഞങ്ങൾക്ക് അതൊരു കൗതുക കാഴ്ചയായി മാറി. ഞാനും വിമലും മുഖത്തോടു മുഖം ഒന്ന് നോക്കി, എന്റെ മുഖം നോക്കി മനസ്സ് വായിച്ചെടുത്തിട്ടാകണം ആസ്ത്രേലിയൻ ദമ്പതികൾ ബാഗ് നിറഞ്ഞപ്പോൾ ഉപേക്ഷിച്ച ഉദ്യമം വിമൽ ഏറ്റെടുത്തത്. ആറ് കുപ്പിയോളം വെള്ളം ഞങ്ങളും കരസ്ഥമാക്കി. ആസ്ത്രേലിയക്കാർക്കും ചെയ്യാമെങ്കിൽ ഞങ്ങൾക്കും ചെയ്യാം എന്നാണല്ലോ 😜😜നോക്കാൻ ആരുമില്ലെങ്കിൽ ഇങ്ങനെയുള്ള തറ പരുപാടികൾ കാണിക്കാതിരിക്കാൻ പറ്റില്ലല്ലോ, മലയാളി ആയി പോയില്ലേ…!!!!
Phnom penh എയർപോർട്ടിൽ ഇറങ്ങിയതിനു ശേഷം Grab എന്ന അപ്ലിക്കേഷൻ യൂസ് ചെയ്യാൻ ലേ ഞങ്ങളോട് പറഞ്ഞിട്ടുണ്ടായിരുന്നു. യൂബർ പോലുള്ള അപ്ലിക്കേഷൻ ആണത്. മിക്കവാറും എല്ലാ ഏഷ്യൻ രാജ്യങ്ങളിലും uber നേക്കാൾ പ്രചാരം Grab നാണ്. ഗ്രാബ് വളരെ തുച്ഛമായ നിരക്കേ ഈടാക്കു.
സിയാംറീപ്പിൽ കണ്ടത് ഇന്ത്യയോട് ചേർന്ന് നിൽക്കുന്ന കാര്യങ്ങൾ ആണെങ്കിൽ, Phnom Penh ഇൽ തികച്ചും സാധാരണ ഏഷ്യൻ രാജ്യങ്ങളിലേത് കാണുന്ന പോലുള്ള കാഴ്ചകൾ തന്നെയാണ് , നിരത്തുകളിൽ നിറയെ സ്കൂട്ടികൾ തേരാ പാരാ പോകുന്നത് കാണാം,അവ പോകുന്നത് കണ്ടാൽ തന്നെ പേടിയാകും, ഇന്ത്യയിലേതു പോലെ തന്നെ അവരുടെ ഡ്രൈവിങ് സംസ്കാരവും അധഃപതിച്ചതാണ്, അഭ്യാസികളിൽ കൂടുതലും സ്ത്രീകളാണ്..
പ്രധാന ടൂറിസ്റ്റ് പ്രദേശങ്ങളിൽ ഒന്നായ മെക്കോങ് നദീ തീരത്തെ റിവർ സൈഡ് എന്ന് പറയുന്ന സ്ഥലത്താണ് ഹോട്ടൽ ബുക്ക് ചെയ്തിരുന്നത്. മെക്കോങ് നദി ചൈന, ലാവോസ് , മ്യാന്മാർ, തായ്ലൻഡ് , കംബോഡിയ , വിയറ്റ്നാം തുടങ്ങിയ ആറ് രാജ്യങ്ങളിൽ കൂടി ഒഴുകുന്ന നദിയാണ്. ഒരുപാടു ടൂറിസ്റ്റുകൾ താമസിക്കുന്ന സ്ഥലമാണിത്. Grand Waterfront hotel എന്നാണ് പേര്, മെക്കോങ് നദിയുടെ അടുത്തായിട്ടാണ് ഈ 4 സ്റ്റാർ ഹോട്ടൽ സ്ഥിതി ചെയ്യുന്നത്, (സാധാരണ ഹോസ്റ്റലുകളിലാണ് ഞാൻ താമസിക്കാറുള്ളത്, ചുരുങ്ങിയ ചിലവിൽ താമസിക്കാനും, ഒറ്റയ്ക്ക് യാത്ര ചെയ്യുമ്പോൾ കുറെ സൗഹൃദങ്ങൾ ഉണ്ടാക്കാനും ഈ ഹോസ്റ്റലുകൾ നമ്മെ സഹായിക്കും. പക്ഷെ ഏഷ്യൻ രാജ്യങ്ങൾ സന്ദർശിക്കുമ്പോൾ 4 സ്റ്റാർ 5 സ്റ്റാർ ഹോട്ടലുകൾ വളരെ ചുരുങ്ങിയ ചിലവിൽ ലഭിക്കാറുള്ളപ്പോൾ അത് എക്സ്പീരിയൻസ് ചെയ്യാൻ വേണ്ടി താമസിക്കാറുണ്ട്).പക്ഷെ റൂമിൽ നിന്നും നോക്കിയാൽ ഈ നദി കാണാൻ കഴിയുകയില്ല എന്ന സങ്കടം ഉണ്ട്, എന്നാലും വളരെ തുച്ഛമായ വിലക്ക് മാസങ്ങൾക് മുൻപ് ഈ ഹോട്ടൽ ബുക്ക് ചെയ്യാൻ സാധിച്ചതിനാൽ, അതും ബ്രേക്ഫാസ്റ് ഉൾപ്പടെ; രണ്ടു ദിവസത്തേക്ക് 2000 രൂപയെ ആയിട്ടുള്ളതിനാൽ സങ്കടമില്ല.
ഹോട്ടലിനു മുന്നിലെ ഒരു ചെറിയ തട്ടുകട പോലുള്ള ഹോട്ടലിൽ കയറി ഓരോ വെജിറ്റബിൾ നൂഡിൽസ് വാങ്ങി കഴിച്ചു , എന്നിട്ടൊന്നു മയങ്ങി. വൈകുന്നേരമായപ്പോൾ ‘ലെ അവരുടെ സ്കൂട്ടിയിൽ ഞങ്ങളെ കാണാൻ വന്നു, കൂടെ നാലു കൂട്ടുകാരികളും ഒപ്പമുണ്ട്. ‘പ്രിം ലേ ’ എന്ന എന്റെ സുഹൃത് വളരെ മെലിഞ് വെളുത്തു തുടുത്തിരിക്കുന്ന സുന്ദരിയാണ്. അവർ ഒരു റേഡിയോളജിസ്റ് ഡോക്ടർ ആണ്. നല്ല പോലെ ഇംഗ്ലീഷ് സംസാരിക്കും, പക്ഷെ ഞങ്ങൾ പറയുന്ന ഇന്ത്യൻ ഇംഗ്ലീഷ് പെട്ടെന്ന് മനസ്സിലാകില്ല, വളരെ സാവധാനത്തിൽ അവരോടു സംസാരിച്ചില്ലെങ്കിൽ അവൾക്ക് ഒന്നും മനസ്സിലാകാറില്ല. ഓരോ വാക്കും വ്യക്തമായി ഉച്ചരിച് വളരെ സാവകാശത്തിലാണ് ഞങ്ങൾ ‘ലേ യോട് സംസാരിക്കുന്നത്. ഇത് വളരെ കൗതുകത്തോട് നോക്കി ലേ യുടെ കൂട്ടുകാരികൾ എന്തോ പറഞ് ചിരിക്കാറുണ്ട്. കൂടെ വന്ന കൂട്ടുകാരികൾക്ക് ആർക്കും ഇംഗ്ലീഷ് അറിയില്ല എന്നത് ‘ലേ യ്ക്ക് ചില സമയങ്ങളിൽ ബുദ്ധിമുട്ടുണ്ടാക്കാറുണ്ട്…

ഞങ്ങളെയും കൂട്ടി ‘ലേ ആദ്യം പോയത് മെക്കോങ് നദീ തീരത്തെ പ്രധാന ഡൗൺ ടൗണുകളിൽ ഒന്നായിട്ടുള്ള വാക്കിങ് സ്ട്രീറ്റിലേക്കാണ്. ഹോട്ടലിൽ നിന്നും നടക്കാനുള്ള ദൂരം മാത്രമേ ഉള്ളു, എന്നാലും ഒരു tuktuk വിളിച്ചു. 2 ഡോളർ ആണ് ചാർജ് അവിടേക്ക് , ലോകത്തിലെ എറ്റവും ചുരുങ്ങിയ നിരക്കിൽ യാത്ര ചെയ്യാൻ കഴിയുന്നത് കംബോഡിയയുടെ മറ്റൊരു പ്രത്യേകതയാണ്. രണ്ടു tuktuk കളിലായി ഞങ്ങൾ അങ്ങോട്ടേക് പോയി,
ഡൗൺടൗൺ എന്ന് വിളിക്കുന്ന ഈ പ്രദേശത് പുതിയതും പഴയതുമായിട്ടുള്ള ഒട്ടനവധി ബിൽഡിങ്ങുകൾ കാണാം. എല്ലാവിധ ഇന്റർനാഷണൽ ആഹാര സാധനങ്ങളും ഇവിടെ ലഭിക്കും. ഞങ്ങൾ തനത് കംബോഡിയൻ ഭക്ഷണമായ ‘ആമോക് ട്രെ ‘കഴിക്കാൻ തീരുമാനിച്ചു. ഇത് കംബോഡിയക്കാരുടെ ദേശീയ ഭക്ഷണമാണെന്ന് വേണേൽ പറയാം. വളരെ അഭിമാനത്തോട് കൂടിയാണ് ‘ലേ അത് നമുക്ക് വേണ്ടി ഓർഡർ ചെയ്തത്. വാഴയില ഉപയോഗിച് വേവിച് തേങ്ങയും മീനും പിന്നെ തനത് കംബോഡിയൻ കൂട്ടും ചേർത്ത് ഉണ്ടാക്കുന്ന ഒരു ഭക്ഷണമാണ് ‘ആമോക് ട്രെയ് ‘. വളരെ ആനന്ദകരമായി ഞങ്ങൾ അതാസ്വദിച്ചു കഴിച്ചു. പൈസ കൊടുക്കാൻ ‘ലേ സമ്മതിച്ചില്ല, “ നിങ്ങൾ ഞങ്ങളുടെ അതിഥികളാണ് , ഇന്ത്യ സന്ദർശിക്കാൻ വരുമ്പോൾ നല്ല പോലെ അവരെ സത്കരിച്ചാൽ മതി” എന്നായിരുന്നു പറഞ്ഞ കാരണം. ഏകദേശം 11 മണിയോട് കൂടി വോക്കിങ് സ്ട്രീറ്റിലെ കാഴ്ചകളൊക്കെ കണ്ട് ഹോട്ടലിൽ തിരിച്ചെത്തി.
പിറ്റേ ദിവസം രാവിലെ തന്നെ ‘ലേ യും അവളുടെ സുഹൃത് ‘നിയ യും കൂടി കാണാൻ വന്നു. അവരുടെ കൈവശം രണ്ട് സ്കൂട്ടി ഉള്ളതിനാൽ അതിൽ ചുറ്റിക്കറങ്ങാൻ തീരുമാനിച്ചു, അവിടത്തെ ഡ്രൈവിംഗ് രീതികൾ നമ്മെ ഭയപ്പെടുത്തുമെന്നതിനാൽ അവർ തന്നെയാണ് ഓടിക്കുന്നത്. റോയൽ പാലസ്, നാഷണൽ മ്യൂസിയം , കില്ലിംഗ് ഫീൽഡ് എന്നിവിടങ്ങളിലേക്കൊക്കെ പോകാനാണ് ഇന്നത്തെ പ്ലാൻ.

തലസ്ഥാനത്തെ എന്റെ പ്രിയപ്പെട്ട സ്ഥലം റോയൽ പാലസ്!! മെക്കോങ് , ടോൺ സാപ് , ബസ്സാക് നദികൾ കൂടി ചേരുന്ന സ്ഥലത്താണ് ഈ റോയൽ പാലസ് ഉള്ളത്. തനത് കംബോഡിയൻ ശൈലിയിലാണ് ഇതിന്റെ നിർമാണ രീതി. 19 ആം നൂറ്റാണ്ടിന്റെ പകുതി മുതൽ, 6 കംബോഡിയൻ രാജാക്കന്മാർ അവിടെ തുടർച്ചയായി താമസിച്ചു. മുൻ കംബോഡിയയിലെ രാജാവായ ‘നൊറോടോം സിംഹനൗക് ‘ ഉൾപ്പടെ. ചെറുതും വലുതുമായ 20 കൊട്ടാരങ്ങൾ അടങ്ങിയ സ്വർണ മേൽക്കൂരയുടെയും മഞ്ഞ മതിലുകളുടെയും ഒരു വലിയ സമുച്ഛയമാണിത്. ചുറ്റുപാടുകൾ അതിമനോഹരമായ പുഷ്പങ്ങളും മരങ്ങളും കൊണ്ട് മനോഹരമാണ്. നീലാകാശത്തിന് കീഴിൽ ഈ സ്ഥലം അസാധാരണമായി കാണപ്പെട്ടു.
‘ലേ യുടെ ഒപ്പം എപ്പോഴും iced റ്റീ എന്ന പാനീയം കൂടെ കാണും. മിന്റ് ഒക്കെ ഇട്ട് ഒരു പ്രത്യേക രീതിയിൽ തയ്യാറാക്കുന്ന പാനീയമാണത്. ഒരെണ്ണം വാങ്ങിയാൽ ഉച്ചവരെ അതും നുണഞ് നടക്കാറാണ് പതിവ്. ഒന്ന് തീർന്നാൽ അടുത്തത് വാങ്ങും, അത് കൂടെയില്ലാത്ത അവളെ കാണാനേ കഴിയില്ല. ഞങൾക്കും വാങ്ങി തന്നു, പക്ഷെ അത്ര ഇഷ്ടമായില്ല.. അടുത്തതായി പോയത് നാഷണൽ മ്യൂസിയത്തിലേക്കാണ്.

നാഷണൽ മ്യൂസിയം തീർച്ചയായും ഞങ്ങൾക്ക് ഒരിക്കലും നഷ്ടപ്പെടാൻ താല്പര്യമില്ലാത്ത ഒരു കാഴ്ചയാണ്. ലോകത്തിലെ ഏറ്റവും മികച്ച പുരാതന കംബോഡിയൻ സംസ്കാര ശേഖരങ്ങളുടെ കേന്ദ്രമാണ് ഈ നാഷണൽ മ്യൂസിയം. ഉള്ളിലെ കാഴ്ചകൾ ഏതൊരു ഇന്ത്യക്കാരനും അഭിമാനമാണ്. കയറി ചെല്ലുമ്പോൾ കാണുന്നത് തന്നെ വെങ്കലത്തിന്റെ ഒരു വലിയ വിഷ്ണുവിന്റെ പ്രതിമയാണ്. അഞ്ചാം നൂറ്റാണ്ടിൽ നിർമ്മിച്ച ഈ പ്രതിമ 1936 ഇൽ സിയാം റീപ്പിനടുത്തുള്ള പ്രദേശത്തു നിന്നാണ് കണ്ടെടുത്തത്. ഇവിടത്തെ പ്രധാന ആകർഷണങ്ങളിൽ ഒന്നാണ് അഞ്ചാം നൂറ്റാണ്ടിൽ നിർമിച്ച എട്ട് കൈകളുള്ള വിഷ്ണുവിന്റെ വിഗ്രഹം, രണ്ടാം നൂറ്റാണ്ടിൽ നിർമിച്ച കൂറ്റൻ ശിവ ലിംഗം, പിന്നെ ഭീമൻ വാനരന്മാരുടെ ശില്പങ്ങൾ. ഇതുപോലെ നൂറ് കണക്കിന് ഹൈന്ദവ ദേവന്മാരുടെയും ദേവികളുടെയും വിഗ്രഹങ്ങൾ കംബോഡിയയിലെ പല ഭാഗത്തു നിന്നും കണ്ടെടുത് ഇവിടെ സൂക്ഷിച്ചിട്ടുണ്ട്. (ഇതൊക്കെ കൊണ്ടാകണം ഇന്ത്യക്കാരോട് ഒരു പ്രത്യേക മമത കംബോഡിയക്കാർക്ക് ) കൂടാതെ വിശാലമായ ഹാളുകളും, കടും ചുവപ്പ് നിറത്തിലുള്ള ഫ്രെയിമുകളും ഉള്ളിലെ കാഴ്ചകൾ മനോഹരമാക്കുന്നു. അതിന് പുറമെയായി മനോഹരമായ മുറ്റവുമുണ്ട്. അവിടെ ഞങ്ങൾ കുറെ നേരം സംസാരിച് പുറത്തിരുന്നു. ഉച്ചക്ക് നദീതീരത്തിനടുത്തുള്ള ഒരു റെസ്റ്റോറന്റിൽ പോയി ചോറും ഫിഷ് ഫ്രൈ യും ഒരു പ്രത്യേക തരം ഇലക്കറിയും കഴിച്ചു. ഏകദേശം നമ്മുടേതിന് സമാനമായ രുചിയായിരുന്നു അതിന്.
വൈകിട്ട് 11:30 നാണ് ഞങ്ങളുടെ വിമാനം തിരിച് ദുബായിലോട്ടു പറക്കുന്നത്. എയർപോർട്ടിൽ പോകുന്നതിന് മുന്നോടിയായി ‘ലേ കംബോഡിയയുടെ തനത് നൃത്തരൂപമായ അപ്സര ഡാൻസ് കൂടി കാണാൻ ഞങ്ങൾക്ക് വേണ്ടി ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു. അത് തീരാൻ 9 മണിയാകും. അവിടെ നിന്നും എയർപോർട് എത്താൻ ഏകദേശം 45 മിനിറ്റ് എടുക്കും,അതിനാൽ തന്നെ വൈകുന്നേരം 5 മണിയായപ്പോൾ ഹോട്ടലിൽ പോയി ചെക്ക് ഔട്ട് ചെയ്ത് ബാഗ് കൈയിൽ കരുതിയിരുന്നു. അതാകുമ്പോൾ അവിടെ നിന്നും നേരെ എയർപോർട്ടിലേക്ക് പോകാമല്ലോ..അല്ലെങ്കിലും ഈ യാത്രയുടെ പൂർണത കൈവരിക്കണമെങ്കിൽ ഈ നൃത്ത ചുവടുകൾ കൂടി കാണേണ്ടതായിട്ടുണ്ട്. നാഷണൽ മ്യൂസിയത്തിൽ തന്നെയാണ് വൈകുന്നേരങ്ങളിൽ ഇത് അരങ്ങേറുന്നത്. 07;30നു തുടങ്ങിയാൽ 9 മണിക്ക് അവസാനിക്കും .

സമയം 05;30 ആയിട്ടേ ഉള്ളൂ. നിരത്തുകളിലൊക്കെ നിരവധി ബുദ്ധ സന്യാസിമാരെ കണ്ടിരുന്നു. അതിനാൽ തന്നെ ഒരു ബുദ്ധ ക്ഷേത്രത്തിൽ പോകാമെന്ന് വിമലിന്റെ ആവശ്യപ്രകാരം ലേ ഞങ്ങളെ അവിടേക്കു കൂട്ടി കൊണ്ട് പോയി. നാഷണൽ മ്യൂസിയത്തിന് തൊട്ടടുത്ത് തന്നെയാണീ ക്ഷേത്രമുള്ളത്, കംബോഡിയയും മറ്റു ഏഷ്യൻ രാജ്യങ്ങളിലേതു പോലെ ബുദ്ധിസം ആണ് പിന്തുടരുന്നത്.. അവിടെ എത്തിയപ്പോഴേക്കും പതിവില്ലാതെ നല്ല കനത്ത മഴ പെയ്യുവാൻ തുടങ്ങി. അത് കാരണം ഒരുപാടു നേരം ബുദ്ധ സന്യാസിമാർ ഉരുവിടുന്ന ബുദ്ധ മന്ത്രങ്ങളും കേട്ട് ആ ക്ഷേത്രത്തിൽ കുറച്ചധികം സമയം ചിലവഴിക്കാൻ സാധിച്ചു. ആറരയോട് കൂടി മഴ തോർന്നു ഞങ്ങൾ മ്യൂസിയം ലക്ഷ്യമാക്കി നടന്നു.
Apsara Dance ഹൈന്ദവ സംസ്കാരത്തിൽ നിന്നും ഉത്ഭവിച്ച നൃത്ത ചുവടുകളാണ്. രാമായണ കഥാ സന്ദർഭമാണ് ഈ നൃത്ത രൂപത്തിന്റെ പ്രധാന പശ്ചാത്തലം. കൂടാതെ പഴയ കംബോഡിയൻ സംസ്കാരവും അവരുടെ രീതികളുമെല്ലാം വളരെ ലളിതമായും രസകരവുമായാണ് അവതരിച്ചു പോരുന്നത്. കണ്ടിരിക്കുന്ന എല്ലാത്തരം പ്രേക്ഷകരെയും തൃപ്തിപ്പെടുത്തുന്ന തരത്തിലുള്ള അവതരണമാണത്. രാജകുടുംബത്തിന്റെ വിനോദത്തിനായി അപ്സര നൃത്തം അവതരിപ്പിക്കാറുണ്ടായിരുന്നു പണ്ട് കാലങ്ങളിൽ, കംബോഡിയൻ ടൂറിസം പ്രചരിപ്പിക്കുന്നതിന് ഭാഗമായി 2000 മുതലാണ് ഇത് വീണ്ടും പുനരവതരിപ്പിക്കാൻ ടൂറിസം പദ്ധതി ഇടുന്നത്, ഇത് ചുരുങ്ങിയ കാലയളവിൽ ജനപ്രിയമായി. 2003 ഇൽ യുനെസ്കോ ലോകത്തിന്റെ അദൃശ്യമായ സാംസ്കാരിക പൈതൃകമായി ഇത് അംഗീകരിക്കപ്പെട്ടപ്പോൾ, കമ്പോഡിയയുടെ മറഞ്ഞിരുന്ന മറ്റൊരു നിധിയായി ഈ നൃത്തരൂപം മാറി.
9 മണി ആയപ്പോൾ മനസ്സ് നിറഞ് പുറത്തിറങ്ങിയ ഞങ്ങൾ ദീർഘമായ ഒരു നന്ദി വാക്കു പോലും ‘ലേ യോട് പറയാൻ കഴിയാതെ ധൃതി പിടിച് ടാക്സിയിൽ എയർപോർട്ടിലേക്ക് പോയി.ലോല ഹൃദയനായ വിമൽ അപ്പോഴേക്കും വികാരാധീതനായിരുന്നു.. ‘പ്രിം ലേ ‘എന്ന വ്യക്തിയുടെ സൗഹൃദം മൂലം ഞങ്ങളും അവിടത്തുകാരെ പോലെ തോന്നിയിരുന്നു പലപ്പോഴും. പുതിയ കാര്യങ്ങൾ കാണുകയും , പഠിക്കുകയും പുതിയ ആളുകളെ കണ്ടുമുട്ടുകയും ചെയ്യുന്നത് യാത്രയുടെ അർത്ഥങ്ങളിൽ ഒന്ന് തന്നെയല്ലേ….??? ജാതി, മത ,വർഗ, വർണ, രാഷ്ട്രീയ, പ്രായ, ലിംഗ ഭേദമന്യേ ഉള്ള സൗഹൃദങ്ങൾ സിംഗപ്പൂരിലും,വിയറ്റ്നാമിലും, സ്വിറ്റസർലണ്ടിലും, പാരിസിലും കാലം എനിക്കായ് കാത്തു വെച്ച് നൽകി…
ഇന്ത്യൻ സംസ്കാരമുറങ്ങുന്ന കംബോഡിയൻ മണ്ണിൽ… Part 1

Written by
Subin Rudra Chickle
Wow nice story
Thankyou 🙂